മൈനസ് റ്റു




പലവട്ടം എഴുതി തുടങ്ങിയ വരികള്‍ ..എന്നിട്ടൂം എന്തിനൊക്കെയൊ വേണ്ടി തപ്പിത്തടഞ്ഞു .ഒടുവില്‍ ആശങ്കകള്‍ നിലനിര്‍ത്തി തന്നെ വരികള്‍ ഉല്‍പാദിപ്പിക്കുന്നു.
പ്രതീക്ഷ; കാലംതെറ്റിയും അസ്ഥാനത്തും നിറഞ്ഞ കണ്ണുനീര്‍ത്തുള്ളികളില്‍ ,അവര്‍ എന്റെ ഹൃദയത്തെ ഒരക്ഷരക്കൂട്ടമാക്കാന്‍ കൂടെക്കാണുമെന്ന ചിന്ത. 
ലക്ഷ്യം; ഒന്നുകില്‍ തിരികെപിടിക്കുക അല്ലെങ്കില്‍ അര്‍ബുദം പോലെ ദിനമാകെ പടര്‍ന്നുകൊണ്ടിരിക്കുന്ന എന്റെ നിരാശയുടെ മൂലകോശത്തെ അറൂത്തുമാറ്റുക. 
ഒരു പക്ഷവും പിന്തുണക്കാത്ത എന്റെ വിചാരങ്ങളില്‍ അല്‍പമെങ്കിലും വിശ്വാസം എനിക്ക് നിലനിര്‍ത്തുവാന്‍ ഇങ്ങനെയൊരു വഴി തെരെഞ്ഞെടുത്തെ മതിയാകൂ...

 തീര്‍ച്ചയായും ഞാന്‍ പ്രതീക്ഷിക്കുന്നു.നീ വരുമെന്ന്.ഒരു യുഗം തന്നാലും നിന്നെ ഒരു വരിപോലും വായിച്ചെടുക്കുവാനാകില്ല എന്ന തിരിച്ചറിവിലും, നീ , എപ്പൊഴൊക്കെയൊ എനിക്കു പകര്‍ന്നുതന്ന സംതൃപ്തി , എന്റെ വികാരങ്ങളോട് കാട്ടിയ ആദരവ്, ആവര്‍ത്തിക്കപ്പെട്ട ചരിത്രങ്ങള്‍ ഒക്കെ വീണ്ടും എന്നെ പ്രതീക്ഷിക്കുവാന്‍ പ്രേരിപ്പിക്കുന്നു.
 മൈനസ് റ്റു വിലെ ജീവിതം നിനക്കോര്‍മയുണ്ടോ...മൂന്നു വര്‍ഷം മുന്‍പ് അവിടുന്നു നിന്നൊടു യാത്ര പറഞ്ഞു വന്ന അതെ പരിസരങ്ങളില്‍ തന്നെയാണ് ഇപ്പോഴൂം ഞാന്‍. അന്നുമുതല്‍ കഴിഞ്ഞ മൂന്നു മുന്നൂറ്റിയറുപത്തഞ്ചു ദിവസങ്ങള്‍ക്കു പക്ഷെ എത്ര കഥകളുടെ ആതിഥ്യം പറയാനുണ്ടാകും.

ഈ മലയാളവും വായിച്ചെന്റെയൊപ്പം എത്തുമോ നീ..ഉത്തരം കിട്ടാത്ത അനവധി ചൊദ്യങ്ങള്‍ പലപ്പോഴായി ആവര്‍ത്തിച്ചതിന്റെ ഫലം നിന്നെ ക്കുറിച്ചു നീ പൊലുമറിയാത്ത ചില വിലയിരുത്തലുകള്‍.ഒരു തരം കോംപ്ലക്സ്.എന്താ ഈ കോംപ്ലക്സ് എന്ന വാക്കിന്റെ മലയാളം.എന്തൊക്കെയായിരുന്നു ഈ കാലയളവില്‍ ഞാന്‍ പരിചയപ്പെട്ട വികാരങ്ങള്‍.നിന്നോട് എന്തൊക്കെ ചോദ്യങ്ങള്‍ ഞാന്‍ ദിനവും ചോദിച്ചു കൊണ്ടിരിക്കുന്നു.ഒന്നു ഓര്‍മ പുതുക്കട്ടെ ഞാന്‍ ..മെയില്‍ ബോക്സിലെ പഴയ സന്ദേശങ്ങള്‍ ഒന്നുകൂടെ വായിക്കട്ടെ ഞാന്‍..

 ഇനി നല്ലപാതിയോട്..

ഇന്നലെ കൂടി നീ നിന്റെ കുശൂമ്പിനെ പറ്റി പറഞ്ഞു.മറ്റൊരു പെണ്‍കുട്ടിയുടെ ചെറിയൊരു പരാമര്‍ശം പോലും നീ അതു പ്രകടിപ്പിക്കുമ്പോള്‍ പോലും ഇങ്ങനെയൊന്നു കരുതിയിട്ടുണ്ടാകില്ല.. പക്ഷെ ഞാന്‍ നിന്നോട് പറഞ്ഞിരുന്നു. ഞാന്‍ ഒരു പെണ്‍കുട്ടിയില്‍ എന്റെ ഭാവിജീവിതസ്വപ്നങ്ങള്‍ കണ്ടിരുന്നുവെന്ന്.ഇന്ന് നിന്നിലൂടെ നേടുന്നതൊക്കെ ഞാന്‍ മറ്റൊരാളില്‍ കണ്ടിരുന്നു.ആഗ്രഹിച്ചിരുന്നു..പക്ഷെ നിനക്കറിയാത്ത ഒരു കാര്യമുണ്ട്..അത് ഇപ്പോഴും ആ സ്ത്രീയെ ഞാന്‍ ഓര്‍ക്കാറുണ്ട്. അതിനും മുകളില്‍ ഇപ്പോഴുമവളെ സ്നേഹിക്കുന്നൂണ്ടൊ എന്ന് ആരെങ്കിലും ചോദിച്ചാല്‍ മറുപടിയായി പറയാന്‍ എനിക്കറിയില്ല.പക്ഷെ ഞാന്‍ ഓര്‍ക്കുന്നു.ഓര്‍ത്ത് വിഷമിക്കുന്നു.പക്ഷെ എന്താ എനിക്കിനി വേണ്ടത് എന്നു ചോദിച്ചേക്കാം.അതിന്റെ ഉത്തരം സത്യത്തില്‍ എനിക്കറിയില്ല

ഒരു പുരുഷന്‍, സ്ത്രീയെന്ന എതിര്‍ലിംഗത്തോട് പ്രകടിപ്പിക്കുന്ന വികാരങ്ങള്‍.അതിനു ഏതൊക്കെ മാനങ്ങള്‍ നമുക്കൂ നിശ്ചയിക്കാനാകും ,ഓര്‍മിച്ചെടുക്കുമ്പോള്‍ ഓര്‍മവെച്ച നാള്‍ മുതല്‍ ഞാന്‍ ഒരു സഖിയെ ആഗ്രഹിച്ചിരുന്നു.ആ ആഗ്രഹത്തിനു ഓരൊ സാഹചര്യങ്ങളില്‍ ഓരോ മാനങ്ങള്‍ കൈവന്നു.എന്നിട്ടും ആഗ്രഹം ആഗ്രഹമാക്കി തന്നെ സൂക്ഷിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു.പിന്നെ പിന്നെ അങ്ങനെ തന്നെയായിരിക്കാന്‍ ഇഷ്ടപ്പെട്ടു. ഒടുവില്‍ കാലം കുറെ അനുഭവങ്ങള്‍ തന്നു.


അങ്ങനെ കാത്തിരുന്നു കാത്തിരുന്നു പിറവിയെടുത്ത എന്റെ പ്രണയം ചില്ലിട്ട് സൂക്ഷിക്കാന്‍ വല്ലാതെ വെമ്പല്‍ കൊണ്ടിരുന്നു ഞാന്‍..അതിനു വേണ്ടി എന്തൊക്കെയൊ തെറ്റിദ്ധാരണയുടെ പുറത്ത് പല വാചകങ്ങളും പറഞ്ഞു..പ്രണയത്തിന്റെ ഇന്നും മോഹിപ്പിക്കുന്ന ആ ഒഴൂക്കില്‍ എന്റെ ആ വാചകങ്ങളും തടസ്സങ്ങള്‍ സ്രുഷ്ടിച്ചു.പിന്നെ ആ ഒഴുക്കും അതിന്റെ പാതയും സുഗമമായില്ല. ഒടുവില്‍ അതു അനിവാര്യമായ തിരിച്ചറിവുകളില്‍ എത്തിച്ചു.ഫലം ഇപ്പോഴും ഇതു കുറിക്കുമ്പോഴും ദേഹം വിറയ്ക്കുന്നു.ചൂടു കണ്ണുനീരാകുന്നു.